എറണാകുളം: ഓടുന്ന ട്രെയിനിൽ നിന്ന് ചാടാനൊരുങ്ങിയ ആറുവയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി ടി.ടി.ഇ. കോഴിക്കോട് ഉള്ളിയേരി സ്വദേശി നിഖിൽ മിത്രയുടെ സമയോചിത ഇടപെടലാണ് ഒരു കുടുംബത്തെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ശനിയാഴ്ച വൈകീട്ട് 3.40ന് ആലുവ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡി5 കോച്ചിന്റെ ചുമതലയിലായിരുന്നു നിഖിൽ മിത്ര.
ആലപ്പുഴ സ്വദേശിയായ സുനിൽകുമാറും ഭാര്യയും ആദ്യം പത്തും ആറും വയസ്സുള്ള മക്കളെ ട്രെയിനിൽ കയറ്റി. കുട്ടികൾ കയറിയ ഉടനെ ട്രെയിൻ മുന്നോട്ടെടുത്തതോടെ മാതാപിതാക്കൾ പ്ലാറ്റ്‌ഫോമിലായി. ഭയന്നുപോയ പത്ത് വയസ്സുകാരൻ ഉടൻ ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി. ട്രെയിന്റെ വേഗം കുറവായിരുന്നതിനാൽ കുട്ടിക്ക് പരിക്കേറ്റില്ല.
ഇതിനിടെ ആറുവയസ്സുകാരനും ചാടാൻ വാതിലിനരികിൽ നിൽക്കുകയായിരുന്നു. ഇത് കണ്ട പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ ട്രെയിനിലുണ്ടായിരുന്ന ടി.ടി.ഇ നിഖിൽ മിത്ര ഓടിയെത്തി. കുട്ടി ചാടുന്നതിന് തൊട്ടുമുൻപ് തന്നെ അദ്ദേഹം കുട്ടിയെ വാരിയെടുത്ത് രക്ഷപ്പെടുത്തി.
തുടർന്ന് അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ നിഖിൽ മിത്ര, കുട്ടിയെ സുരക്ഷിതമായി ആലുവ ആർ.പി.എഫിന് കൈമാറി. സ്റ്റേഷൻ അധികൃതരെയും വിവരം അറിയിച്ചു. പിന്നീട് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയ ശേഷമാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നത്.






