ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്നാട് പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടിരുന്ന കണ്ണൻ ആണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് കണ്ണൻ എഐഎഡിഎംകെ വിട്ട് ടിവികെയിൽ സജീവമായത്.
2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2009ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നാളെ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് ക്രൂര കൊലപാതകം നടന്നത്.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് ഉജയനിധി സ്റ്റാലിൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് അദ്ദേഹം ആരോപിച്ചു.
സ്വന്തം ജീവൻ സംരക്ഷിക്കാനായി ടിവികെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും സുരക്ഷയില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഉജയനിധി സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെയെ കുറ്റപ്പെടുത്തുന്നതിന് പകരം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


