അബുദാബി: സുഡാനിലെ ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ യുഎഇയുടെ ഡ്രോണുകൾ ഉപയോഗിച്ചെന്ന സുഡാന്റെ ആരോപണങ്ങൾ യുഎഇ നിഷേധിച്ചു. പോർട്ട് സുഡാൻ അതോറിറ്റി ബോധപൂർവം നടത്തുന്ന വ്യാജപ്രചാരണമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുമാണ് ഇത്തരം ആരോപണങ്ങളെന്ന് യുഎഇ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ വാദങ്ങൾ സമാധാന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പും നൽകി.
യുദ്ധം നീട്ടിക്കൊണ്ടുപോകാനും യഥാർത്ഥ സമാധാനപ്രക്രിയയെ തടസ്സപ്പെടുത്താനുമാണ് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമമെന്നുമാണ് യുഎഇയുടെ നിലപാട്. അന്താരാഷ്ട്ര വേദികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സുഡാനിലെ ജനങ്ങളെ ബാധിക്കുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച കാർട്ടൂം വിമാനത്താവളത്തിലും സൈനിക കേന്ദ്രങ്ങളിലുമുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എത്യോപ്യയിലെ ബഹിർ ദാർ വിമാനത്താവളത്തിൽ നിന്ന് ഡ്രോണുകൾ പറന്നുയർന്ന് ആക്രമണം നടത്തിയതാണെന്നായിരുന്നു സുഡാന്റെ ആരോപണം. എന്നാൽ യുഎഇയും എത്യോപ്യയും ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. 2023 ഏപ്രിൽ മുതൽ സുഡാനിൽ ആഭ്യന്തര യുദ്ധം തുടരുകയാണ്.




