വിജയ് സർക്കാർ രൂപീകരിക്കാൻ ഉന്നയിച്ച അവകാശവാദം ഗവർണർ അംഗീകരിക്കാത്തതിനെതിരെ നടൻ പ്രകാശ് രാജ്. ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഗവർണറുടെ നടപടി “അറപ്പുളവാക്കുന്നതാണ്” എന്നും ജനഹിതം നേടിയ വിജയ്‌യെ നിയമസഭയിൽ തന്റെ അവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.
നിലവിൽ ടിവികെയ്ക്ക് 108 എംഎൽഎമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്ന് ഗവർണർ വ്യക്തമാക്കി. കോൺഗ്രസിലെ 5 അംഗങ്ങൾ ഉൾപ്പെടെ 113 എംഎൽഎമാർ ഒപ്പിട്ട പിന്തുണ കത്ത് വിജയ് ഗവർണർക്ക് നൽകിയിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്നും 118 അംഗങ്ങളുടെ പിന്തുണയുള്ള കത്ത് വേണമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ അറിയിച്ചു. അതിന് ശേഷമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപീകരണ നീക്കങ്ങൾ തുടരുന്നതിനിടെ ടിവികെ എംഎൽഎമാരുടെ യോഗം വിജയ് പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്തു. കൂടാതെ രാവിലെ 11 മണിയോടെ ടിവികെ നേതാക്കൾ വീണ്ടും ഗവർണറെ കാണാനുമാണ് തീരുമാനിച്ചിരിക്കുന്നത്.




