ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ 2023ല്‍ സനാതന ധര്‍മ്മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ‘വിദ്വേഷ പ്രസംഗം’ ആണെന്ന് മദ്രാസ് ഹൈക്കോടതി.
ബിജെപി നേതാവ് അമിത് മാളവ്യക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉദയനിധിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.
സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകള്‍ കേവലമായ ഒരു രാഷ്ട്രീയ വിമര്‍ശനമല്ലെന്നും, അത് ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള വെറുപ്പ് പ്രചരിപ്പിക്കലാണെന്നുമാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ശ്രീമതിയാണ് ഉദയനിധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കഴിഞ്ഞ 100 വര്‍ഷമായി ദ്രാവിഡ കഴകവും പിന്നീട് ഡിഎംകെയും ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഉദയനിധി ഇതേ പ്രത്യയശാസ്ത്ര പാരമ്പര്യത്തില്‍ നിന്നുള്ളയാളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വെറുപ്പുളവാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുകയും, അതിനോട് പ്രതികരിക്കുന്നവര്‍ നിയമനടപടികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യം വേദനാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തമിഴ്നാട്ടില്‍ ഉദയനിധിക്കെതിരെ കേസുകളൊന്നും എടുക്കാത്തതിനെയും കോടതി വിമര്‍ശിച്ചു.




