കോഴിക്കോട്: അസഹ്യമായ ചൊറിച്ചിലും വേദനയുമായി ആശുപത്രിയിലെത്തിയ 43 വയസ്സുകാരിയുടെ കണ്ണിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിരയെ. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒപി പരിശോധനയ്ക്കിടെയാണ് ഈ അപൂർവ സംഭവം കണ്ടെത്തിയത്. കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്തായി കാണപ്പെട്ട വിരയെ സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ ഓപിയിൽ വെച്ച് തന്നെ അടിയന്തരശസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെടുത്തു.
കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന റെറ്റിനയിലേക്ക് വിര പ്രവേശിക്കുന്നതിനു മുൻപ് തന്നെ കൃത്യസമയത്ത് നീക്കം ചെയ്തതിനാൽ രോഗിയുടെ കണ്ണിന് യാതൊരു അപകടസാധ്യതയുമില്ലെന്നും കാഴ്ചയ്ക്ക് തകരാറില്ലെന്നും ഡോ. സുഗന്ധ സിൻഹ അറിയിച്ചു. മൃഗങ്ങളിൽ കാണപ്പെടുന്ന ‘ഡൈലോ ഫൈലോറിയ’ വിഭാഗത്തിലുള്ള വിരയാകാം ഇതെന്നും കൊതുകുകളിലൂടെയോ വളർത്തുമൃഗങ്ങളിലൂടെയോ ആകാം ഇവ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൃത്യസമയത്തുള്ള ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.






