വാഷിങ്ടൺ: ഇറാനുമായി ഉടൻ കരാർ ഉണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ സർക്കാർ മാധ്യമങ്ങൾ പരിഹസിച്ചു. കരാർ പ്രകാരം അമേരിക്കയ്ക്ക് സൗജന്യ എണ്ണയും ഹോർമുസ് കടലിടുക്കിന്റെ സേവനവും ലഭിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (IRIB) ട്രംപിന്റെ പ്രസ്താവനകൾ “അസാധ്യമായ സ്വപ്നങ്ങൾ” എന്നാണ് വിശേഷിപ്പിച്ചത്. ട്രംപിന്റെ അഭിമുഖ ക്ലിപ്പും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഒരു പേർഷ്യൻ പഴഞ്ചൊല്ലും ഐആർഐബി പങ്കുവെച്ചു, “The camel dreams of cottonseed, sometimes gulping it down, sometimes eating it grain by grain’’. എന്ന അർത്ഥമുള്ള ഈ പഴഞ്ചൊല്ല് നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സ്വപ്നം കാണുന്നവരെ പരിഹസിക്കാൻ ഉപയോഗിക്കുന്നതാണ്.
അതേസമയം, യുഎസ്–ഇറാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചെന്നുമാണ് ട്രംപ് പറഞ്ഞത്. ഉടൻ തന്നെ വലിയൊരു കരാർ ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയെ മുൻകാലങ്ങളിൽ ട്രംപിനെ പരിഹസിക്കാൻ ഇതേ പഴഞ്ചൊല്ല് ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ടെഹ്‌റാനിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫുമായി നടത്തിയ കൂടിക്കാഴ്ചയും വാർത്തയിൽ ശ്രദ്ധേയമായി.






