തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത കൈകാര്യം ചെയ്യാനും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. റിപ്പോർട്ട് പ്രകാരം, നികുതി വർദ്ധനവിനപ്പുറം ഭരണസംവിധാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാര്യക്ഷമമായ മാറ്റങ്ങൾ മാത്രമേ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കൂ.
കിഫ്‌ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുന്നതിനാൽ, കിഫ്‌ബി സ്വതന്ത്രമായി വായ്പ എടുക്കുന്നത് നിർത്തണമെന്നും, സർക്കാർ നേരിട്ട് കുറഞ്ഞ പലിശനിരക്കിൽ വായ്പ എടുത്ത് കിഫ്‌ബിക്ക് നൽകാൻ ശുപാർശ ചെയ്തു. 2016ലെ കിഫ്‌ബി നിയമത്തിൽ ആവശ്യമായ ഭേദഗതികളും നിർദേശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ സബ്‌സിഡി നൽകുന്ന നിലവിലെ രീതി മാറ്റി, ആനുകൂല്യം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറണമെന്നും, ലാഭകരമായ ബിവറേജസ് കോർപ്പറേഷനെ നഷ്ടത്തിൽ കഴിയുന്ന സപ്ലൈകോയുമായി ലയിപ്പിക്കണമെന്നും നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി നഷ്ടം വരുത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യാനും ശുപാർശ ഉണ്ട്.
വൈദ്യുതി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി സ്വകാര്യ നിക്ഷേപവും കേന്ദ്ര പൊതുമേഖല നിക്ഷേപവും അനുവദിക്കണമെന്നും, കെ.എസ്.ഇ.ബിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ പ്രൊഫഷണൽ നേതൃത്വത്തെ നിയമിക്കണമെന്നും നിർദ്ദേശം ഉണ്ട്. ശമ്പള-പെൻഷൻ ബാധ്യതകൾ കുറയ്ക്കാൻ വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയ്ക്ക് അനുയോജ്യമായി ഉയർത്താനും, നികുതി വരുമാനം വർദ്ധിപ്പിക്കാനും, വിദ്യാഭ്യാസ, ഐ.ടി., ടൂറിസം മേഖലകളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ധവളപത്രത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന ആവശ്യങ്ങൾക്കായി വായ്പ എടുക്കാൻ അനുവദിക്കുകയും, സർക്കാർ സംവിധാനങ്ങളിൽ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുകയും, എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുകയും വേണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണുന്നു. ധവളപത്രം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സുസ്ഥിര വളർച്ചക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന പ്രധാന രേഖയായി വിലയിരുത്തപ്പെടുന്നു.






