കൊച്ചി: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എംഎല്‍എ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നു.
സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പടെ വിശദാംശങ്ങള്‍ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. സേവനം നല്‍കാതെയാണ് സിഎംആര്‍എല്ലിൽ നിന്ന് 2.78 കോടി രൂപ ലഭിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിശദമായ അന്വേഷണം നടത്തുന്നത്. പണം എങ്ങനെ വിനിയോഗിച്ചു, സ്വത്തുക്കളോ നിക്ഷേപങ്ങളോ നടത്തിയിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയും. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്.
എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴി ലഭിച്ച വായ്പകളും അതിന്റെ തിരിച്ചടവും ഉൾപ്പെടെയുള്ള ഇടപാടുകളിലും ഇഡി വിശദീകരണം തേടും. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾക്കു പുറമേ മറ്റ് അക്കൗണ്ടുകൾ ഉണ്ടോ, വിദേശ അക്കൗണ്ടുകളിലൂടെ ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദ്യം ചെയ്യലിൽ ഉൾപ്പെടും.
ഇന്നലെ സിഎംആര്‍എൽ എംഡി ശരൺ എസ്. കർത്ത, ജയ എസ്. കർത്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു മുൻപ് ഷിബി എസ്. കർത്തയെയും ചോദ്യം ചെയ്തിരുന്നു. വീണയ്ക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയില്‍ അയച്ചത്. എന്നാല്‍ ഇത്രയും സാവകാശം നല്‍കാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനനത്തിലാണ് വീണ ഇന്ന് ഹാജരായിരിക്കുന്നത്.






