കോഴിക്കോട്: വിവാദ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. ജിതിൻ ഭാസ്‌കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ പ്രകാരമാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ് റിപ്പോർട്ടറിനോട് പറഞ്ഞു. വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് അറസ്റ്റിലായ ജിതിൻ.
വടകര എംപി ഷാഫി പറമ്പിൽ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള എന്നിവർ പറയുന്നതനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്നും സംഘടന ആരോപിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
അതേസമയം, കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. സ്‌ക്രീൻഷോട്ടിന്റെ ഉറവിടത്തെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും ജിതിൻ ഭാസ്‌കറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും എസ്‌ഐടി വ്യക്തമാക്കി.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സ്‌ക്രീൻഷോട്ട് ഏകദേശം 200-ഓളം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ‘വടകര സ്‌ക്വാഡ്’ എന്ന ഗ്രൂപ്പിലൂടെയാണ് ജിതിൻ ആദ്യം ഇത് പങ്കുവെച്ചതെന്നും പിന്നീട് മറ്റ് ഗ്രൂപ്പുകളിലേക്കും വ്യാപിച്ചതായും അന്വേഷണസംഘം നിഗമനത്തിലെത്തി.






