തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിത്സാവീഴ്ചയില്ലെന്നതാണ് പ്രാഥമിക അന്വേഷണത്തിന്റെ നിഗമനം. കേസ് ഷീറ്റിലോ രേഖകളിലോ പോരായ്മകളില്ലെന്നും, എല്ലാ ചികിത്സാ പ്രോട്ടോക്കോളുകളും പാലിച്ചുവെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ മൊഴി നൽകി.
ആശയവിനിമയത്തിലെ അപാകതകളുണ്ടായോ എന്ന കാര്യത്തിൽ പ്രത്യേകമായി പരിശോധിക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചു. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി.കെ. പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കാനാണ് സാധ്യത.
മെഡിക്കൽ കോളേജ് അധികൃതർ ചികിത്സാപിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോൾ, ഡിഎംഇയുടെ അന്തിമ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യമന്ത്രാലയം തുടർനടപടികളിലേക്ക് നീങ്ങുക. ആരോഗ്യമന്ത്രി നൽകിയ നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, മരിച്ച വേണുവിന്റെ കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെ കേസിന് പുതിയ തീവ്രത ലഭിച്ചു. സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ വേണു, മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായെന്നു പറഞ്ഞ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.




