ചെന്നൈ: തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി വിജയ് യുടെ നേതൃത്വത്തിലുള്ള സർക്കാർ തത്വാധിഷ്ഠിതമായ ഭരണമാണ് നടത്തുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ പ്രധാന പരിഗണന നൽകിയിരിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും അനുവദിച്ചു. 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കാൻ 300 കോടി രൂപയും 10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിക്ക് 139 കോടി രൂപയും വകയിരുത്തി.
കോളേജ് വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനം ഉറപ്പാക്കാൻ ‘വെട്രി ലാപ്ടോപ്പ് പദ്ധതി’ പ്രഖ്യാപിച്ചു. സൗജന്യ താമസവും പഠനവും നൽകുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും അനുവദിച്ചു.
മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി രൂപ ചെലവിൽ അഞ്ച് പുതിയ ഐ.ടി.ഐകളും ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനായി മദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപ അധിക വരുമാനം കണ്ടെത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കാനും നടപടി സ്വീകരിക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ദ്രുത പ്രതികരണ സേന തുടങ്ങിയ പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.
ഗർഭിണികൾക്കായി എല്ലാ ജില്ലകളിലും പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കും. സൗജന്യ ഭക്ഷണവും വൈദ്യസഹായവും നൽകുന്ന പദ്ധതിക്കായി 23 കോടി രൂപ അനുവദിച്ചു. നവവധുക്കൾക്ക് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്ന പദ്ധതിക്ക് 812 കോടി രൂപയും വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ അറ്റകുറ്റപ്പണി പരിശീലനത്തിനായി പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. 22,500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകുന്നതിനായി മൂന്ന് കോടി രൂപ അനുവദിക്കും.




