ചെന്നൈ: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനെ തുടർന്ന് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നല്ല രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഇപ്പോൾ മോശം രാഷ്ട്രീയമാണ് നടത്തുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. തുടക്കം തന്നെ ഇത്ര മോശമാണെങ്കിൽ ഭരണത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. അണ്ണാഡിഎംകെ എംഎൽഎമാരെ പിളർത്തിയതിന് പകരമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിശ്വാസത്തോടെ വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ നിരാശയിലാണെന്നും ഭരണകക്ഷിയുടെ ആദ്യ നടപടികൾ തന്നെ അനാരോഗ്യകരമായ രാഷ്ട്രീയത്തിന്റെ തെളിവാണെന്നും സ്റ്റാലിൻ ആരോപിച്ചു.
തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനിടെ നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് ഉണ്ടായത്. ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൂടാതെ പ്രേമലത വിജയകാന്ത്, ജവാഹിറുള്ള, തമിമുൻ അൻസാരി, നിത്യാനന്ദം എന്നിവരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇവരോടുള്ള നന്ദിയും സ്റ്റാലിൻ അറിയിച്ചു.
അതേസമയം, തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ പുറത്തുനിന്ന് പിന്തുണ നൽകിയ സിപിഐ, സിപിഎം, ലീഗ്, വിസികെ തുടങ്ങിയ സഖ്യകക്ഷികളുടെ നിലപാടിനെ മാനിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. എന്നാൽ സർക്കാരിനെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ വിശ്വാസം തകർക്കുന്ന രീതിയിലാണ് നിലവിൽ ടിവികെ പ്രവർത്തിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.






