ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ പങ്കാളികളായിരുന്നു. റഷ്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ക്രൂഡ് ഓയിൽ കയറ്റുമതി പ്രധാനമാണെന്നിരിക്കെ യുക്രൈൻ യുദ്ധത്തെ തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയപ്പോൾ ഇന്ത്യ, ചൈന അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകാൻ റഷ്യ നിർബന്ധിതരായി. ആഭ്യന്തര ഉപഭോഗത്തിന് വേണ്ട ക്രൂഡിന്റെ 85 ശതമാനത്തിലധികം ഇറക്കുമതി നടത്തുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് നേട്ടമായിരുന്നു.
റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്നതിന് മുമ്പ്, 2021ൽ റിലയൻസ് ഇൻഡസ്ട്രീസ് ഗുജറാത്തിലെ ജാം നഗർ റിഫൈനറിയിലേക്ക് റഷ്യയിൽ നിന്നും ആകെ ഇന്ധന ഇറക്കുമതിയുടെ 3% മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ 2025 ൽ ഇത് ശരാശരി 50 ശതമാനത്തിലും അധികമായി ഉയർന്നതായി സെന്റർ ഫോർ റിസർച്ച് ഓൺ എനർജി & ക്ലീൻ എയർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് നിലവിൽ, റഷ്യയിലെ ‘Seaborne crude oil’ ഏറ്റവുമധികം ഇറക്കുമതി നടത്തുന്നത് റിലയൻസ് ഇൻഡസ്ട്രീസാണ്. 2025 വർഷത്തിന്റെ ആദ്യ 7 മാസങ്ങളിൽ മാത്രം ജാംനഗർ റിഫൈനറിയിലേക്ക് 8.7 ബില്യൺ ഡോളറിന്റെ 18.3 മില്യൺ ബാരൽ റഷ്യൻ ക്രൂഡാണ് ഇറക്കുമതി ചെയ്തത്. തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 64% വർധനവാണ് ഉണ്ടായത്. 2025 വർഷത്തിൽ ആദ്യ 7 മാസങ്ങളിൽ റിലയൻസിന്റെ റഷ്യൻ ഇന്ധന ഇറക്കുമതി 2024 വർഷത്തെ കമ്പനിയുടെ ആകെ ഇറക്കുമതിയേക്കാൾ 12% മാത്രം താഴെയെത്തിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ക്രൂഡ് ഓയിൽ ശുദ്ധീകരണത്തിൽ റിലയൻസിന്റെ ജാം നഗർ റിഫൈനറിയാണ് ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്നത്.
സെപ്റ്റംബർ ആദ്യ പകുതിയിൽ ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള റഷ്യൻ എണ്ണ വിതരണം മികച്ചതായിരുന്നു, തൊട്ടു മുൻപത്തെ രണ്ട് മാസങ്ങളെ അപേക്ഷിച്ച് അൽപ്പം കൂടുതലായിരുന്നു ഇത്. റഷ്യൻ തുറമുഖങ്ങളിൽ നിന്ന് സെപ്റ്റംബർ 1 മുതൽ 16 വരെ ഇന്ത്യയിലേക്ക് എണ്ണ കയറ്റി അയച്ചത് പ്രതിദിനം 1.22 ദശലക്ഷം ബാരൽ ആയിരുന്നു, എന്നാൽ യഥാർത്ഥ കണക്ക് അതിനും മുകളിലാകാം. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ മോസ്കോയിൽ നിന്നുള്ള എണ്ണ ഒഴിവാക്കാൻ തുടങ്ങിയതോടെ റഷ്യയുടെ എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ ജോ ബൈഡൻ ഭരണകൂടം ഇന്ത്യയെ പ്രോത്സാഹിപ്പിച്ചിരുന്നു. കാരണം റഷ്യ ഒരു പ്രധാന എണ്ണ കയറ്റുമതിക്കാരാണ്, വാങ്ങുന്നവരുടെ ക്ഷാമം കാരണം അവരുടെ എണ്ണയുടെ ഭൂരിഭാഗവും വിപണിയിൽ നിന്ന് പോയാൽ, അന്താരാഷ്ട്ര എണ്ണ വില കുതിച്ചേക്കാം, ഇത് യുഎസ് തന്നെ ആഗ്രഹിക്കാത്ത ഒന്നാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ, ആവശ്യത്തിന്റെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. സാധാരണയായി കിഴിവിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വിദേശനാണ്യം ലാഭിക്കാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നിൽ കൂടുതൽ റഷ്യയാണ് വഹിക്കുന്നത്.
അതേസമയം കേന്ദ്ര സർക്കാരിന്റെ E20 എഥനോൾ-പെട്രോൾ മിശ്രിത നയത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ മക്കൾ ലാഭം നേടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. E20 നയത്തിൽ കൂടുതൽ അന്വേഷണം നടത്തി മന്ത്രിയുടെയും മക്കളുടെയും പങ്കിനെകുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നതായും കോൺഗ്രസ് അടുത്തിടെ പറഞ്ഞിരുന്നു. പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രതം കലർത്തുന്ന സർക്കാർ നയം നടപ്പിലാക്കിയതോടെ നിതിൻ ഗഡ്കരിയുടെ മക്കളായ നിഖിലും സാരംഗും കൂടുതൽ എഥനോൾ സംരഭങ്ങളിൽ നികേഷപങ്ങൾ നടത്തിയതായി സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘സിയാൻ അഗ്രോ ഇൻഡസ്ട്രീസ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, മനസ് അഗ്രോ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്’ എന്നീ രണ്ട് എഥനോൾ കമ്പനികളുടെ തലപ്പത്ത് നിതിൻ ഗഡ്കരിയുടെ മക്കളായ നിഖിലും സാരംഗുമാണ്. എഥനോൾ-പെട്രോൾ നയം രാജ്യത്ത് നിലവിൽ വന്നതോടെ സിയാൻ അഗ്രോയുടെ വരുമാനം 18 കോടിയിൽ നിന്ന് ജൂണിൽ 523 കോടിയായി വർധിച്ചിട്ടുണ്ട്, ഓഹരി വില ജനുവരിയിൽ 37.45 ആയിരുന്നത് ഓഗസ്റ്റിൽ 638 രൂപയായി ഉയർന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.
എഥനോൾ ചേർത്ത പെട്രോളിനെതിരെ രാജ്യത്തുടനീളമുള്ള വാഹന ഉടമകളുടെ പ്രതിഷേധം ഉയർന്നിരുന്നു. എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറക്കുകയും, എഞ്ചിനുകൾക്ക് കേടുപാടുകൾ, ഉയർന്ന അറ്റകുറ്റപ്പണി ചെലവ് എന്നിവ ഉപഭോക്താക്കൾ നേരിടേണ്ടി വരുമെന്നും പറയുന്നു. രാജ്യത്ത് മലിനീകരണം കുറയ്ക്കുകയും കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യുമെന്ന് വാദിച്ചുകൊണ്ടാണ് ഗഡ്കരി E20 നയത്തെ ന്യായീകരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ വൻകിട ബിസിനസ്സുകാർക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അംബാനിയെയും അദാനിയെയും പോലുള്ള വലിയ ബിസിനസ്സുകാർക്കായി ഇന്ത്യ വഴി വെട്ടുമ്പോൾ സാധാരണക്കാരായ ആളുകളുടെ ഉന്നമനവും മനസ്സിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്.




