അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ രണ്ട് വർഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിച്ച് പൊലീസ്. യുവാവിനെ ഭാര്യയും മുൻ കാമുകനും ചേർന്ന് കൊലപ്പെടുത്തി 12 അടി താഴ്ചയിൽ കുഴിച്ചുമൂടിയ ശേഷം മുകളിൽ കോൺക്രീറ്റ് പാളി നിർമ്മിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജിഗ്നേഷ് മാവാഡിയയാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ പൃഥ്വി, മുൻ കാമുകൻ നിതേഷ് കച്ചാത്തിയ, സഹായി ബൽവീർ വർമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2024 മെയ് 31-നാണ് കൊലപാതകം നടന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മദ്യപാന പാർട്ടിക്കെന്ന പേരിൽ ജിഗ്നേഷിനെ ഒരു വ്യവസായ ഷെഡിലേക്ക് വിളിച്ചുവരുത്തിയ ശേഷം സയനൈഡ് കലർത്തിയ മദ്യം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് 12 അടി താഴ്ചയിൽ മൃതദേഹം കുഴിച്ചുമൂടി, മുകളിൽ ഒരടി കനത്തിൽ കോൺക്രീറ്റ് പാളി നിർമിച്ച് തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം രണ്ട് വർഷത്തോളം പുറത്തറിയാതെ പോയിരുന്നു. ഭർത്താവ് ഓസ്‌ട്രേലിയയിൽ ജോലിചെയ്യുകയാണെന്നും തൊഴിലുടമ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് പൃഥ്വി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഓസ്‌ട്രേലിയയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ഒരു ബന്ധു ജിഗ്നേഷിന്റെ വിലാസവും ഫോൺ നമ്പരും ആവശ്യപ്പെട്ടതോടെ സംശയം ശക്തമായി.
പൃഥ്വിയുടെ വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജിഗ്നേഷിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് കേസ് വഴിത്തിരിവിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഷെഡിലെ കോൺക്രീറ്റ് തറ പൊളിച്ച് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. ഫോറൻസിക് പരിശോധനയ്ക്കായി അവ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



