പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. മുള്ളി പ്രദേശത്ത് പുലർച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെ 30കാരനായ വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് ഗുരുതര പരിക്കേറ്റു.
അട്ടപ്പാടി ഗൂളിക്കടവിൽ രാവിലെ 5.30ഓടെ മറ്റൊരു ആക്രമണവും ഉണ്ടായി. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മിനി ഷാജിയെയും ഓട്ടോ ഡ്രൈവർ പ്രസാദിനെയും കാട്ടാന ഓട്ടോ മറിച്ചിട്ട് ആക്രമിച്ചു. ഇരുവരെയും നാട്ടുകാർ ഉടൻ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് പേർ മരിച്ചു. മേപ്പാടി സ്വദേശിനി ജെസി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, തിരുനെല്ലി കാട്ടിക്കുളത്ത് തോട്ടം തൊഴിലാളി രാജുവും ആക്രമണത്തിൽ മരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ കാട്ടിക്കുളം പ്രദേശത്ത് ഒറ്റയാൻ ഇറങ്ങിയതിനെ തുടർന്ന് വനംവകുപ്പ് ആനയെ തുരത്തുന്നതിനിടെയാണ് രാജുവിന് ആക്രമണം ഉണ്ടായത്. പരിക്കേറ്റ അദ്ദേഹം പിന്നീട് മരണപ്പെട്ടു. കാട്ടാന ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും, സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






