കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഭിഭാഷക റിങ്കി ചതോപാധ്യായ സിംഗ്ന ൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിലിഗുരി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയ് 20ന് പരാതി നൽകിയിരുന്നുവെന്നും, നിരവധി ഇടപെടലുകൾക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പരാതിക്കാരി ആരോപിച്ചു.
2025ൽ നടന്ന ഒരു മതപരമായ ചടങ്ങിലും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധർമ്മതലയിൽ നടന്ന പ്രതിഷേധ പരിപാടിയിലും മമത ബാനർജി നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. മമതയുടെ പരാമർശങ്ങൾ സനാതന ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയതായും ഭരണഘടനാ വിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവനകളാണ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ഒരു പ്രത്യേക വിഭാഗത്തിന് അഞ്ച് മിനിറ്റിനുള്ളിൽ മറ്റുള്ളവരെ ഇല്ലാതാക്കാൻ കഴിയുമെന്ന രീതിയിലുള്ള പരാമർശം മമത നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കുറ്റകരമായ ഭീഷണി, സമാധാന ലംഘനത്തിന് പ്രേരണ, വ്യാജ പ്രസ്താവന പ്രചരിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിലിഗുരി പൊലീസ് കമ്മിഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.






