തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് ബാധകമാകുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്
24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇടിമിന്നലോടും ശക്തമായ കാറ്റോടുമുള്ള മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
വടക്കൻ ആൻഡമാൻ കടലിൽ നാളെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിലും മദ്ധ്യ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലുടനീളം അടുത്ത ദിവസം കാറ്റിനും മഴയ്ക്കും സാധ്യത കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാമെന്ന് പ്രവചിച്ചിരിക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിനിടെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയും ശക്തമായ കാറ്റും അനുഭവപ്പെടാനാണ് സാധ്യത.










