കോഴിക്കോട്: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയുടെ താലിമാല പൊട്ടിച്ച് രക്ഷപ്പെട്ടു. പാലത്ത് കണിക്കോട്ടുമ്മൽ വിജേഷിന്റെ ഭാര്യ വിനീതയുടെ രണ്ടരപ്പവന്റെ താലിമാലയാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി 9.40ഓടെ പാലത്ത്- എരവന്നൂർ റോഡിലെ വടക്കേടത്ത് താഴത്ത് ഭാഗത്താണ് സംഭവം നടന്നത്. വിനീത തന്റെ പത്തുവയസ്സുള്ള മകളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു.
മുന്നിൽ ഒരു ടൂറിസ്റ്റ് ബസ് കണ്ടതിനെ തുടർന്ന് വിനീത സ്‌കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ, പിന്നിൽ നിന്നെത്തിയ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ സമീപത്തേക്ക് എത്തി നിമിഷനേരം കൊണ്ട് മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കറുപ്പുനിറമുള്ള പൾസർ ബൈക്കിലാണ് ഇവർ എത്തിയതെന്നാണ് വിവരം. പിന്നിലിരുന്നയാൾ കറുത്ത ഷർട്ടായിരുന്നു ധരിച്ചിരുന്നത്. ഭർത്താവ് വിജേഷിന്റെ പേരുള്ള ലോക്കറ്റോടുകൂടിയ മാലയാണ് നഷ്ടമായത്. സംഭവത്തിൽ കാക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






