തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകളെയും സംഘടിത കുറ്റകൃത്യങ്ങളെയും ശക്തമായി അടിച്ചമർത്തുമെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. കേരള എക്സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായും നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ നിരീക്ഷണം, സൈബർ മോണിറ്ററിംഗ്, ശക്തമായ ഇന്റലിജൻസ് ശൃംഖല എന്നിവ ഉപയോഗിച്ച് ലഹരിമരുന്ന് വിതരണ ശൃംഖലകൾ തകർക്കുക എന്നതാണ് ലക്ഷ്യം.
ലഹരി തടയുന്നതിനായി മൂന്ന് പ്രധാന തൂണുകളിൽ അധിഷ്ഠിതമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ലഹരിയുടെ ലഭ്യത കുറയ്ക്കുക, വിദ്യാലയങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുക, ലഹരിക്ക് അടിമപ്പെട്ടവർക്ക് പുനരധിവാസം നൽകുക എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗം.
ഇതിന്റെ ഭാഗമായി വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാനതല ആന്റി-ഡ്രഗ് മിഷൻ ആരംഭിക്കുമെന്ന് ഗവർണർ അറിയിച്ചു. ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കാനാണ് പദ്ധതി. മദ്യപാനം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള സമഗ്ര നയവും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും, ലഹരി കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.





