കാഠ്മണ്ഡു: 2026ലെ വസന്തകാല പർവ്വതാരോഹണ സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിൽ റെക്കോർഡ് തിരക്ക് അനുഭവപ്പെട്ടു. മെയ് അവസാന വാരത്തോടെ സീസൺ അവസാനിക്കുന്നതിന് മുമ്പായി ആയിരത്തിലധികം പർവ്വതാരോഹകർ എവറസ്റ്റ് വിജയകരമായി കീഴടക്കി.
എവറസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണുകളിലൊന്നായാണ് ഇത്തവണത്തെ കണക്കാക്കുന്നത്. നേപ്പാൾ-ചൈന അതിർത്തിയിലുള്ള എവറസ്റ്റ് സാധാരണയായി ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് കീഴടക്കാറുണ്ടെങ്കിലും, ഇത്തവണ ടിബറ്റ് വഴിയുള്ള വടക്കൻ പാത വിദേശികൾക്കായി ചൈന പൂർണമായി അടച്ചിരുന്നു. ഇതോടെ ഭൂരിഭാഗം മലകയറ്റക്കാരും നേപ്പാൾ വഴിയുള്ള തെക്കൻ പാതയിലേക്ക് തിരിഞ്ഞു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 494 മലകയറ്റ പെർമിറ്റുകളാണ് ഈ സീസണിൽ നേപ്പാൾ സർക്കാർ അനുവദിച്ചത്. ഗൈഡുകളും ഷെർപകളും ഉൾപ്പെടെയുള്ളവരുടെ എണ്ണം കൂടിയതോടെ ആകെ പർവ്വതാരോഹകരുടെ എണ്ണം ആയിരം കടന്നു.
അനുകൂല കാലാവസ്ഥ ലഭിച്ച മെയ് 20ന് മാത്രം 274 പേരാണ് ഒരൊറ്റ ദിവസം എവറസ്റ്റിന്റെ നെറുകയിലെത്തിയത്. നേപ്പാൾ പാതയിലൂടെ ഒരേ ദിവസം ഇത്രയും പേർ കൊടുമുടി കീഴടക്കുന്നത് ആദ്യമായാണ്. ഇതിൽ മൂന്ന് ഇന്ത്യൻ പർവ്വതാരോഹകരും ഉൾപ്പെടുന്നു.
നേപ്പാളിന്റെ പ്രശസ്ത ഗൈഡായ കാമി റിത ഷെർപ 32-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോർഡ് തിരുത്തി. വനിതാ വിഭാഗത്തിൽ ലക്പ ഷെർപ 11-ാം തവണയും കൊടുമുടി കീഴടക്കി ശ്രദ്ധേയയായി.
അതേസമയം, വലിയ തോതിൽ പെർമിറ്റുകൾ അനുവദിച്ചതും ഒരേസമയം നൂറുകണക്കിന് ആളുകൾ എവറസ്റ്റിലേക്ക് എത്തിയതും സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അപകടകരമായ ഇടുങ്ങിയ പാതകളിൽ മണിക്കൂറുകളോളം നീണ്ട ‘ട്രാഫിക് ജാം’ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഓക്സിജൻ കുറവുള്ള ‘ഡെത്ത് സോൺ’ മേഖലയിൽ പോലും ആളുകൾ കാത്തുനിൽക്കേണ്ടി വന്നത് അപകടസാധ്യത വർധിപ്പിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സീസണിനിടെ ചില മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






