കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതികളിൽ ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. സംഘടനയിലെ വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കുമെന്ന് അവർ വ്യക്തമാക്കി. അൻസിബ ഹസ്സൻ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരായ പരാതിയാണ് ആദ്യത്തേത്. ഇവർക്ക് എതിരെ ആഭ്യന്തര വകുപ്പിനും പോലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ അപമാനിച്ചു എന്നതാണ് ആരോപണം.
മറ്റൊരു പരാതി നടൻ ടിനി ടോമിനെതിരെയാണ്. ഇത് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് നൽകിയിരിക്കുന്നത്. ഈ പരാതി കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നിഷ്പക്ഷ സമിതി വേണമെന്നാണ് അൻസിബയുടെ ആവശ്യം.
രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഉൾപ്പെടുന്ന സമിതിയെയാണ് അൻസിബ നിർദേശിച്ചിരിക്കുന്നത്. ഇവരിൽ ആരെങ്കിലും അസൗകര്യം അറിയിച്ചാൽ മറ്റൊരാളെ ഉൾപ്പെടുത്താമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഈ ആവശ്യങ്ങൾ സംഘടന അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. ടിനി ടോമിനെതിരായ പരാതി ജനറൽ ബോഡിക്ക് വിടാനാണ് സാധ്യതയെന്നും അറിയുന്നു. ഇതിനിടെ വിഷയത്തിൽ പ്രതികരിക്കാൻ ശ്വേതാ മേനോൻ തയ്യാറായില്ല. പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും അവർ പറഞ്ഞു.






