തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് കൈമാറാൻ നിർദേശം. റിസർവ് ബാങ്ക് പിന്തുടരുന്ന മാതൃകയിലാണ് സഹകരണ വകുപ്പും പുതിയ സംവിധാനം നടപ്പാക്കുന്നത്.
10 വർഷമായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകൾ സഹകരണ സ്ഥാപനങ്ങൾ കണ്ടെത്തി, അവയിലെ തുക മൂന്ന് മാസത്തിനകം നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന് കൈമാറണം. പിന്നീട് അക്കൗണ്ട് ഉടമയോ അവകാശിയോ തുക ആവശ്യപ്പെട്ട് എത്തിയാൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനം തുക നൽകുകയും, തുടർന്ന് ബോർഡിൽ നിന്ന് അത് തിരിച്ചുപറ്റുകയും ചെയ്യാം.
സഹകരണ സംഘങ്ങൾ തകർന്നാൽ നിക്ഷേപകർക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നതിനായാണ് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് രൂപീകരിച്ചിരിക്കുന്നത്. എല്ലാ സഹകരണ സംഘങ്ങളും ബോർഡിൽ അംഗങ്ങളാകണമെന്നതാണ് നിലവിലെ വ്യവസ്ഥ.
നിലവിൽ അംഗങ്ങളായ സംഘങ്ങൾ ഓരോ വർഷവും ലഭിക്കുന്ന അധിക നിക്ഷേപ തുകയുടെ 0.12 ശതമാനം ഗാരന്റി ഫണ്ടായി നൽകണം. പുതുതായി അംഗമാകുന്ന സംഘങ്ങൾ മൊത്തം നിക്ഷേപ തുകയുടെ 0.10 ശതമാനമാണ് അടയ്‌ക്കേണ്ടത്.
ഗാരന്റി സ്കീമിൽ അംഗത്വം നേടിയ സംഘങ്ങളുടെ പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം. എന്നാൽ ഇതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 46 സംഘങ്ങൾ മാത്രമാണ് സ്കീമിൽ അംഗങ്ങളായിട്ടുള്ളത്. മറ്റു ജില്ലകളിലും നിരവധി സ്ഥാപനങ്ങൾ ഇപ്പോഴും അംഗത്വം നേടിയിട്ടില്ല.
സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മാത്രമല്ല, സാങ്കേതികവും ഭരണപരവുമായ വിവിധ പ്രശ്നങ്ങളാണ് സ്കീമിൽ ചേരുന്നതിന് തടസമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കൂടുതൽ സംഘങ്ങൾക്ക് അംഗത്വം ഉറപ്പാക്കണമെന്നാണ് ആവശ്യം.
അതേസമയം, സ്കീമിൽ അംഗമല്ലാത്ത സംഘങ്ങളുടെ പട്ടിക ഇപ്പോൾ പുറത്തുവിട്ടാൽ നിക്ഷേപകർ പണം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. ബോർഡിന്റെ സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ച് ഗാരന്റി സ്കീമിൽ ചേരാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.






