ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഗാൽവാൻപോറ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായിരുന്ന പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ വീടിന് സമീപമുള്ള പാടത്തുനിന്നാണ് കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ സംഭവം ബലാത്സംഗത്തിനും കൊലപാതകത്തിനും ബന്ധപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായും അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം മതപഠനത്തിനായി വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കുട്ടി കൈയിൽ കരുതിയിരുന്ന ഖുറാനും സമീപത്ത് നിന്ന് കണ്ടെത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് വ്യാപക ജനരോഷം ഉയർന്നു. നിരവധി വീടുകൾക്കിടയിലുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നതിനാൽ നാട്ടുകാർ ദുരൂഹത ചൂണ്ടിക്കാട്ടി. പ്രതികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
അന്വേഷണം സുതാര്യമായും വേഗത്തിലുമായി നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ബുദ്ഗാം എസ്.എസ്.പി. ഹരിപ്രസാദ് കെ.കെ. അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.
സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. “കുട്ടികൾക്ക് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം സമൂഹം ഗൗരവമായി വിലയിരുത്തണം” എന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ അന്വേഷണ ഏജൻസികൾക്ക് പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






