തിരുവനന്തപുരം: ചൂട് കൂടുമെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാമെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. ഒപ്പം കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുതെന്ന് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്സ്ആപ്പ് പ്രചാരണമാണ് നടക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തില്‍ ഇങ്ങനെയൊരു വകുപ്പില്ലെന്ന് അതോറിറ്റി അറിയിച്ചു. ചൂട് 55 ഡിഗ്രി ആവുമെന്ന തരത്തില്‍ ഒരു അറിയിപ്പും കേരളത്തില്‍ ഇറക്കിയിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.




