പാലക്കാട്: കൊല്ലങ്കോട് മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കൊല്ലങ്കോടിന് സമീപം ബംഗ്ലാവുമേട് ഇറക്കത്തിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ചു. കാർയാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ കല്ലൂർ സ്വദേശി ജെറിൻ (29), മുതലമട ചുള്ളിയാർമേട് സ്വദേശി ജസ്‌ഫർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ജെറിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും ജസ്ഫറിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. പൊള്ളാച്ചി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയും വടക്കഞ്ചേരിയിൽനിന്ന് മുതലമട ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് പ്രധാനപാതയിൽ മുക്കാൽമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലങ്കോട് അഗ്നിരക്ഷാനിലയത്തിൽനിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങളും റോഡിൽ ചിതറിക്കിടന്ന ചില്ലുകളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.










