കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിൽ വയോധികൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പടിക്കൽകണ്ടി രവി (65)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ. അനിൽകുമാറിന്റെ വീടിന് മുന്നിലെത്തിയ രവി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്സ് സംഘത്തിന്റെ സഹായത്തോടെ രവിയെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.


