കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ 9ന് ആരംഭിച്ച നിരോധനം ജൂലൈ 31ന് രാത്രി 12 മണിയോടെയാണ് അവസാനിക്കുന്നത്.
നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന മേഖലയിലെ പ്രതീക്ഷകൾ ഉയരുകയാണ്. സംസ്ഥാനത്തെ ആയിരത്തോളം യാനങ്ങൾ ചാകര പ്രതീക്ഷിച്ച് കടലിലേക്ക് ഇറങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്.
ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മികച്ച രീതിയിൽ മത്സ്യലഭ്യത ഉണ്ടായിരുന്നതിനാൽ ഇത്തവണ വൻതോതിൽ മത്സ്യം ലഭിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയ ഇനങ്ങൾ കൂടുതലായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപത്തേക്ക് എത്തിക്കും. തുടർന്ന് പാലത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റിയ ശേഷം അർധരാത്രിക്ക് പിന്നാലെ ബോട്ടുകൾ കടലിലേക്ക് പുറപ്പെടും.
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടുണ്ട്. കടലിൽ പോകുന്നവരും ഹാർബറുകളിലും ഐസ് ഫാക്ടറികളിലും ജോലി ചെയ്യുന്നവരുമായ തൊഴിലാളികളിൽ 80 ശതമാനം പേരും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മടങ്ങിയെത്തി. ബാക്കിയുള്ളവർ വെള്ളി, ശനി ദിവസങ്ങളിലായി എത്തുമെന്നാണ് പ്രതീക്ഷ.
ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഹാർബറുകളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും വീണ്ടും സജീവമാകുകയാണ്. അതേസമയം, പരമ്പരാഗത മോട്ടോർ ഘടിപ്പിക്കാത്ത ബോട്ടുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
നിരോധന കാലയളവിൽ മത്സ്യബന്ധന മേഖലയിലെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാൻ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തിച്ചിരുന്നു.



