Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സു​ഗതന് ആറ് മാസം അവധി നൽകി കോർപറേഷൻ, താങ്ങായി കോൺ​ഗ്രസ് വിമതനും; സിപിഎം ഉയർത്തുന്ന ആരോപണങ്ങളുടെ കാമ്പ് എന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം കോർപറേഷനിൽ ഒഴിയാതെ രാഷ്ട്രീയ നാടകങ്ങൾ. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി. കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അംഗത്വം റദ്ദാകുന്ന അയോഗ്യതാ ഭീഷണി മറികടന്നിരിക്കുകയാണ് ബി.ജെ.പി. ഭരണസമിതി. ആറ് മാസത്തേക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകുന്നതിന് സുഗതന് അവധി അനുവദിച്ചുകൊണ്ടുള്ള നിര്‍ണ്ണായക അജണ്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയില്‍ രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും ഒരു കോണ്‍ഗ്രസ് വിമതന്റെയും പിന്തുണയോടെയാണ് ഭരണപക്ഷം അപേക്ഷ പാസ്സാക്കിയത്. മേയര്‍ വി. വി. രാജേഷും കാസ്റ്റിംഗ് വോട്ടുമായി അപേക്ഷയെ പിന്തുണച്ചു. കൗണ്‍സിലില്‍ ആകെ 51 പേര്‍ അവധി അപേക്ഷയെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. ഇതിൽ സ്വതന്ത്രരുടേയും കോൺ​ഗ്രസ് വിമതന്റേയും നിലപാടാണ് ഏറെ നിർണായകമായത്. ഈ സ്വതന്ത്രരെ പൈസ നൽകിയാണോ ഒപ്പം കൂട്ടിയത് എന്നതുൾപ്പെടെയുള്ള ചോദ്യത്തിന് വി വി രാജേഷ് വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.

അവധിയിന്മേലുള്ള സർക്കാരിൻ്റെ സർക്കുലറും അവധി അനുവദിക്കുന്നതിന് കാരണമായി വിവി രാജേഷ് ഉപയോ​ഗിച്ചതോടെയാണ് സിപിഎം കടുത്ത പ്രതിഷേധത്തിലേക്ക് കടന്നത്. ആഭ്യന്തര വകുപ്പിന്റെ പേരിൽ പോയിരിക്കുന്ന ഈ സർക്കുലറിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. അയോഗ്യത ഉണ്ടാവില്ല എന്ന് പറഞ്ഞത് ആഭ്യന്തര വകുപ്പാണെന്നും സുഗതന് കൊടുത്ത മറുപടിയിൽ ആഭ്യന്തര വകുപ്പ് അതാണ് പറയുന്നതെന്നും സൂചിപ്പിച്ച് ആഭ്യന്തര വകുപ്പ് നൽകിയെന്ന് പറയുന്ന ആ സർക്കുലറിനെ കുറിച്ച് ഇനി വിശദീകരണം നൽകേണ്ടത് ചെന്നിത്തലയും സംസ്ഥാന സർക്കാരുമാണ്. അല്ലെങ്കിൽ യുഡിഎഫും ബിജെപിയും തമ്മിൽ അന്തർധാര നിലനിൽക്കുന്നുണ്ടെന്ന സിപിഎം ആരോപണം കൂടുതൽ ശക്തിപ്പെടുകയേയുള്ളൂ.

സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. കൗൺസിലിലെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക, കാപ്പാകേസ് പ്രതിയെ അയോഗ്യനാക്കുക തുടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്.

പൗണ്ട്കടവ് വാർഡിൽ നിന്ന് വിജയിച്ച സുധീഷ് ആണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ആ കോൺഗ്രസ് വിമതൻ. എന്നാൽ സഹപ്രവർത്തകനായ ആർ സുഗതനെയാണ് താൻ പിന്തുണച്ചത്, ബിജെപിയെ അല്ലെന്നും സുഗതൻ വ്യക്തിപരമായി ആവശ്യപ്പെട്ടുവെന്നുമാണ് സുധീഷ് നൽകുന്ന വിശദീകരണം. എന്നാൽ മുനിസിപ്പാലിറ്റി നിയമം പ്രകാരം അവധി അനുവദിക്കാനുള്ള വകുപ്പ് ഇല്ലെന്നാണ് കൗൺസിലർ ശബരീനാഥൻ പറയുന്നത്. നിയമമറിയാതെയാണ് മേയർ പ്രവർത്തിക്കുന്നതെന്നും തീരുമാനം ചട്ടലംഘനമാണെന്നും ശബരീനാഥൻ ആരോപിക്കുന്നു.

വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതന്റെ അവധി അപേക്ഷ കൗണ്‍സിലില്‍ എത്തുന്നതോടെ സഭ കലുഷിതമാകുമെന്ന മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു യോഗത്തിലെ സംഭവവികാസങ്ങള്‍. അപേക്ഷ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷങ്ങളായ എല്‍.ഡി.എഫും യു.ഡി.എഫും സഭയുടെ നടുക്കളത്തിലിറങ്ങി ശക്തമായി പ്രതിഷേധിച്ചു. യോഗം ആരംഭിച്ചയുടന്‍, കേരളത്തില്‍ ആദ്യമായി ഡിജിറ്റല്‍ സെന്‍സസ് അതിവേഗം പൂര്‍ത്തിയാക്കിയ നഗരസഭ എന്ന നേട്ടം കൈവരിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കൗണ്‍സില്‍ ആദരിച്ചിരുന്നു. എന്നാല്‍ അജണ്ടകളിലേക്ക് കടന്നതോടെ കൗണ്‍സില്‍ ഹാള്‍ സംഘര്‍ഷഭരിതമായി. പ്രക്ഷോഭ സാധ്യത മുന്നില്‍ക്കണ്ട് മാധ്യമങ്ങള്‍ കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിക്കരുതെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 91ാം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗം അയോഗ്യനാകും. സുഗതന്‍ അയോഗ്യനായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിയുടെ കേവലഭൂരിപക്ഷം നഷ്ടമാകുന്ന നിലയാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് ബി.ജെ.പി. സഭയില്‍ തന്ത്രപരമായ നീക്കം നടത്തിയത്. അസാധാരണ സഭാ നടപടികളിലൂടെ കാപ്പാ കേസ് പ്രതിക്ക് ഇത്തരത്തില്‍ സൗജന്യം നല്‍കുന്നതിനെതിരെ നഗരസഭയ്ക്ക് പുറത്തും വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

ഒരു ഭീഷണിയുമില്ലെന്നും ചട്ടപ്രകാരം കൗണ്‍സിലര്‍ സമര്‍പ്പിക്കുന്ന അവധി അപേക്ഷകള്‍ പരിഗണിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നുമായിരുന്നു മേയര്‍ വി. വി. രാജേഷിന്റെ നിലപാട്. എന്നാല്‍ ഗുരുതരമായ കാപ്പാ കേസില്‍ ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് നഗരസഭ അവധി ഇളവ് അനുവദിക്കുകയെന്ന് എല്‍.ഡി.എഫും യു.ഡി.എഫും ഒരേസ്വരം ഉയര്‍ത്തി ചോദ്യം ചെയ്തു. സാധാരണയായി ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ മറ്റ് അടിയന്തര വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ആണ് കൗണ്‍സിലില്‍ ആറുമാസത്തെ അവധി അനുവദിക്കാറുള്ളത്. കൗണ്‍സില്‍ യോഗം കഴിഞ്ഞാലുടന്‍ സുഗതനെ അയോഗ്യനാക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ പ്രതിപക്ഷം ഒരുങ്ങിയിരുന്നെങ്കിലും ഭരണപക്ഷത്തിന്റെ വോട്ടെടുപ്പ് വിജയം അവര്‍ക്ക് തിരിച്ചടിയായി. കൗണ്‍സിലില്‍ കേവലഭൂരിപക്ഷം മാത്രം കൈവശമുണ്ടായിരുന്ന ബി.ജെ.പിക്ക് ഈ വോട്ടെടുപ്പ് ഏറെ നിര്‍ണ്ണായകമായിരുന്നു.

101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകളാണ് ബി.ജെ.പിക്ക് ഉള്ളത്. എല്‍.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 51 വോട്ടുകള്‍ വേണമെന്നിരിക്കെ പൗണ്ടുകടവ് വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍ സുധീഷിന്റെയും നിലപാട് ബി.ജെ.പിക്ക് ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ കരുത്തായി. സുഗതന്റെ അവധി അപേക്ഷ തള്ളപ്പെടുകയും ഇയാളെ അയോഗ്യനാക്കുകയും ചെയ്താലും നഗരസഭയില്‍ വി. വി. രാജേഷിന്റെ മേയര്‍ കസേരയ്ക്ക് ഭീഷണി ഉണ്ടാകില്ലെന്ന് ഈ അംഗബലം തെളിയിക്കുന്നു. സുധീഷിന്റെ ഉറച്ച പിന്തുണയോടെ ബി.ജെ.പി. ഭൂരിപക്ഷം നിലനിര്‍ത്തിയതോടെ തലസ്ഥാനത്ത് താമര ഭരണം സുരക്ഷിതമായി തന്നെ തുടരും.

നേരത്തെ തന്നെ തനിക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് സുഗതന്‍ ജയിലില്‍ നിന്ന് മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് ബി.ജെ.പി. അപേക്ഷ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. സാങ്കേതികമായി വിജയിച്ചെങ്കിലും ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് അവധി അനുവദിച്ച നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.

കാപ്പാ കേസ് പ്രതിചേർത്തിട്ടുള്ളയാൾക്ക് അവധി അപേക്ഷ അനുവദിക്കാൻ ഒരു നിയമവും പറയുന്നില്ല എന്നാണ് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക് ആരോപിക്കുന്നത്. ഇത് ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. അങ്ങനെ നോക്കിയാൽ നിയമവിരുദ്ധവും ജനാധിപത്യപരവിരുദ്ധവുമായ ഇടപെടലാണ് മേയർ നടത്തിയിരിക്കുന്നതെന്ന് സമ്മതിക്കേണ്ടി വരും. മേയറുടെ സമീപനങ്ങളേയും എൽഡിഎഫ് ചോദ്യം ചെയ്യുന്നുണ്ട്. പ്രതിപക്ഷ അം​ഗങ്ങൾക്ക് സംസാരിക്കാൻ പോലും അനുമതി നൽകാതെ ഏകാധിപതിയെപ്പോലെയാണ് വിവി രാജേഷ് പെരുമാറുന്നതെന്നാണ് വലിയ ആക്ഷേപം.

കാപ്പാ കേസിൽ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. ദൈവങ്ങളുടെയും ബലിദാനികളുടേയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് സു​​ഗതൻ അടക്കം 20 ബിജെപി കൗൺസിലരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വിയ്യൂർ ജയിലിലാണ് സു​ഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. അതും സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.

ചുരുക്കത്തിൽ, സാങ്കേതികവും നിയമപരവുമായ വഴികളിലൂടെ തൽക്കാലം അയോഗ്യതാ ഭീഷണി മറികടന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സുരക്ഷിതമാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും, ഉയർന്നുവന്ന രാഷ്ട്രീയ ചോദ്യങ്ങൾ അത്ര പെട്ടെന്ന് അടങ്ങുന്നതല്ല. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ഒരു ജനപ്രതിനിധിക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് ഇളവ് നൽകിയ നടപടി കേവലം ഒരു സഭാ നടപടിയെന്നതിനപ്പുറം വലിയൊരു രാഷ്ട്രീയ-ധാർമ്മിക ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വതന്ത്രരുടെയും വിമതരുടെയും നിലപാടുകൾ ഭരണപക്ഷത്തിന് താങ്ങായെങ്കിലും, യു.ഡി.എഫ് – ബി.ജെ.പി ‘അന്തർധാര’ ആരോപണങ്ങളും ഭരണരംഗത്തെ ചട്ടലംഘനങ്ങളും ആയുധമാക്കി വിഷയം ജനമധ്യത്തിലെത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഹൈക്കോടതി വിധിയിലൂടെ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതു മുതൽ ഇപ്പോൾ കൈക്കൊണ്ട അസാധാരണ നടപടികൾ വരെ തലസ്ഥാന നഗരസഭയുടെ ചരിത്രത്തിലെ കറുത്ത ഏടുകളായി മാറുകയാണ്. വോട്ടെടുപ്പിലെ ഈ താത്കാലിക വിജയം ഭരണസമിതിക്ക് ആശ്വാസമാണെങ്കിലും, ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കേണ്ട ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്ന് ഉണ്ടായ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ നിയമപോരാട്ടങ്ങൾക്കും ജനകീയ വിചാരണകൾക്കും വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer