തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തർക്കഹർജി സമർപ്പിച്ചു. കേസ് തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതിയാണ് പരിഗണിക്കുന്നത്.
ഒക്ടോബർ 8-ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മാനനഷ്ട ഹർജി രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും സതീശൻ തർക്കഹർജിയിൽ വ്യക്തമാക്കുന്നു. കടകംപ്പള്ളി നൽകിയ ഹർജിയിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.
ശബരിമലയിലെ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റുവെന്ന് കടകംപ്പള്ളി അറിയാമെന്നാണ് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പറഞ്ഞതിൽ നിന്നും പിന്മാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയിലും വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന് ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി ആളുകൾക്ക് ഇനി ജയിലിലാകുമെന്നും സതീശൻ വീണ്ടും ആരോപിച്ചു. കടകംപ്പള്ളിയുമായി ബന്ധപ്പെട്ട തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അടുത്തതായി ഡിസംബർ ഒന്നിന് പരിഗണിക്കും.






