ഇടുക്കി: മറയൂർ പാമ്പാർ പുഴയിലെ കയത്തിൽ ചാടിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാന്തല്ലൂർ കീഴാന്തൂർ സ്വദേശി കന്നിയപ്പന്റെ മകൻ ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സുന്ദർരാജിന്റെ മകൻ സഞ്ജിത് (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മനു അനീഷ് (15) അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പാമ്പാറിലെ തടയണയ്ക്ക് സമീപമാണ് സംഭവം. കയത്തിൽ ചാടരുതെന്ന് മനു വിലക്കിയെങ്കിലും ഇരുവരും വെള്ളത്തിലേക്ക് ചാടി. മുങ്ങി പൊങ്ങുന്നത് കണ്ടപ്പോൾ ആദ്യം തമാശയെന്നാണ് മനു കരുതിയത്. പിന്നീട് ഇരുവരെയും കാണാതായതോടെ സമീപവാസികളെ വിളിച്ച് സഹായം തേടി.
മൂന്നാർ അഗ്നിരക്ഷാസേനയും മറയൂർ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.






