നിയസഭാ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഉയര്‍ന്നു കഴിഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ മത്സരാന്തരീക്ഷവും കൊഴുക്കുന്നു. ബിജെപിയെ സംബന്ധിച്ച് ഇത്തവണ മധ്യകേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ വലിയ പ്രതീക്ഷയാണുള്ളത്. ട്വന്റി ട്വന്റിയെ കൂട്ടുപിടിച്ചാണ് ബിജെപി എറണാകുളം പിടിക്കാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം സാബു ജേക്കബ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. ബിജെപിയും ബിഡിജെഎസും ഇന്നു തങ്ങളുടെ ബാക്കി സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ജില്ലയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമാകും. പക്ഷേ അതിനിടയിലാണ് മുന്നണിക്കുള്ളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉയരുന്നുവെന്ന സൂചനകള്‍ വരുന്നത്. ട്വന്റി20 പാര്‍ട്ടിക്കു ബഹുഭൂരിഭാഗം സീറ്റുകളും മത്സരിക്കാന്‍ അനുവദിച്ചതോടെ ബിജെപിയുടെ പ്രാധാന്യം കുറഞ്ഞെന്ന തോന്നല്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെയുണ്ട്. ജില്ലയിലെ നേതാക്കളിലും നിരാശയുണ്ട്. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും മുന്നണിക്കുള്ളില്‍ ചെറിയ പുകച്ചിലുകള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.
സീറ്റ് വിഭജനവും NDAയുടെ തന്ത്രവും
ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് ട്വന്റി-20യാണ്. 8 സീറ്റുകളില്‍ ട്വന്റി-20 മത്സരിക്കുമ്പോള്‍, 4 സീറ്റുകളില്‍ ബിജെപിയും 2 സീറ്റുകളില്‍ ബിഡിജെഎസുമാണ് ജനവിധി തേടുന്നത്. കോര്‍പ്പറേറ്റ് ശൈലിയിലുള്ള വികസന മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുന്ന ട്വന്റി-20യെ കൂട്ടുപിടിക്കുന്നതിലൂടെ നഗര വോട്ടര്‍മാരെയും യുവാക്കളെയും സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. സഖ്യത്തിന്റെ ഭാഗമായി കുന്നത്തുനാട്, പിറവം, തൃപ്പൂണിത്തുറ, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമാ താരങ്ങളെയും പ്രമുഖ വ്യക്തിത്വങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ഒരു ‘ഗ്ലാമര്‍’ പോരാട്ടത്തിനാണ് അവര്‍ തുടക്കമിട്ടിരിക്കുന്നത്. വൈപ്പിനിലും കൊച്ചിയിലും ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.
സെലിബ്രിറ്റികളുടെ പടയോട്ടം
സിനിമാ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കുകയായിരുന്നു ട്വന്റി 20. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നുണ്ട്. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ് എന്നിങ്ങനെയാണ് ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അഖില്‍ മാരാരേയും പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ സെലിബ്രിറ്റികള്‍ ഇനിയും പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്.
ബിജെപിയുടെ പോരാട്ടഭൂമികള്‍
ആലുവ, എറണാകുളം, മൂവാറ്റുപുഴ, പറവൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി നേരിട്ട് മത്സരിക്കുന്നത്. പറവൂരില്‍ മുന്‍ നഗരസഭാധ്യക്ഷയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന വത്സല പ്രസന്നകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എറണാകുളം മണ്ഡലത്തില്‍ ഒരു ‘സര്‍പ്രൈസ്’ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്ന ഒരു പ്രമുഖ വനിതാ നേതാവ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിഡിജെഎസ് മത്സരിക്കുന്ന കോതമംഗലത്ത് എസ്എന്‍ഡിപി യോഗം യൂണിയന്‍ ചെയര്‍മാന്‍ അജി നാരായണന്‍ സ്ഥാനാര്‍ത്ഥിയായേക്കും.
മുന്നണിക്കുള്ളിലെ പുകച്ചില്‍
വിജയപ്രതീക്ഷകള്‍ക്കിടയിലും ബിജെപി അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധം പുകയുന്നുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ ട്വന്റി-20ക്ക് അവസരം നല്‍കിയത് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. നഗരസഭ ഭരണം കൈയാളുന്ന തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വിജയസാധ്യത കൂടുതലാണെന്ന് അണികള്‍ വിശ്വസിച്ചിരുന്നു. അവിടെ ഒരു സിനിമാ താരത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു.
കൂടാതെ, ബിഡിജെഎസ് സ്വാധീന മണ്ഡലമായ ഏറ്റുമാനൂരില്‍ വീണ നായരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതൃത്വത്തിനും അതൃപ്തിയുണ്ട്. സാമുദായിക പരിഗണനകള്‍ പാലിച്ചില്ലെന്നതാണ് അവരുടെ പ്രധാന പരാതി. ബിജെപിയുടെ പ്രസക്തി കുറച്ചു കാണിക്കുന്നു എന്ന തോന്നും ജില്ലാ നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ജില്ലാ നേതൃത്വം നിഷേധിച്ചു. മുന്നണി ഒറ്റക്കെട്ടാണെന്നും വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
മറ്റു പാര്‍ട്ടികളില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് അഭയം നല്‍കുന്ന ഇടമല്ല ട്വന്റി-20 എന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് തുറന്നടിച്ചു. പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പള്ളിയെ പരിഗണിക്കുമോ എന്ന ചോദ്യത്തിന്, സ്ഥാനാര്‍ത്ഥികളുടെ സ്വഭാവഗുണവും ‘കയ്യിലിരിപ്പും’ പരിശോധിച്ചേ സീറ്റ് നല്‍കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ പ്രത്യേകിച്ച് രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത സിനിമാ താരങ്ങളെ തേടിപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഈ ലോജിക് ഉപയോഗിച്ചില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
ചുരുക്കത്തില്‍, താരപ്പകിട്ടും രാഷ്ട്രീയ തന്ത്രങ്ങളും കോര്‍ത്തിണക്കിയുള്ള ഒരു മത്സരത്തിനാണ് എറണാകുളം ഒരുങ്ങുന്നത്. അസ്വാരസ്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ എന്‍ഡിഎക്ക് കഴിയുമോ എന്നത് വരും ദിവസങ്ങളിലെ പ്രചാരണങ്ങളെ ആശ്രയിച്ചിരിക്കും.






