പ്യോങ്‍യാങ്: ഉത്തര കൊറിയൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിക്ക് 99.93 ശതമാനം വോട്ടുകളോടെ വൻ വിജയം. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഫലം പുറത്തുവിട്ടത്. രാജ്യത്തെ വോട്ടിങ് ശതമാനം 99.99 ആണ്. ഉത്തര കൊറിയയുടെ പരമോന്നത സഭയായ സുപ്രീം പീപ്പിൾസ് അസംബ്ലിയിലെ 687 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായിരുന്നു വോട്ടെടുപ്പ്.
മുൻപത്തെ തിരഞ്ഞെടുപ്പുകളിലെന്നപോലെ ഓരോ മണ്ഡലത്തിലും അംഗീകൃതനായ ഒരു സ്ഥാനാർഥി മാത്രമാണ് മത്സരിച്ചത്. വോട്ടർമാർക്ക് ഈ സ്ഥാനാർഥിയെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാം. ആകെ പോൾ ചെയ്ത വോട്ടുകളിൽ വെറും 0.07 ശതമാനം മാത്രമാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.
ലോകത്തിൽ ഏറ്റവും ക്രൂര നിയമങ്ങളുള്ള രാജ്യത്ത്, കിമ്മിന്റെ സ്ഥാനാർത്ഥികളെ എതിർത്ത് വോട്ട് ചെയ്ത ആ 0.07 ശതമാനം ആളുകൾ ആരായിരിക്കും എന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. പലരും ഈ വോട്ടർമാരെ ധീരന്മാർ എന്നും മറ്റുചിലർ അവരിപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല എന്നും തമാശരൂപേണ പ്രതികരിച്ചു. ജനങ്ങളുടെ ഐക്യത്തിന്റെയും രാഷ്ട്രീയ വ്യവസ്ഥയോടുള്ള പിന്തുണയുടെയും തെളിവാണ് ഈ വിജയമെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.






