കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. തന്റെ പ്രസ്താവനയെ മുഖ്യമന്ത്രി “നുണ” എന്ന് വിളിച്ചതിന് മറുപടിയായി, മുഖ്യമന്ത്രിയെ “നുണറായി” എന്ന് വിശേഷിപ്പിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ നിർമ്മിച്ച കാര്യത്തിൽ പറഞ്ഞത് ശരിയാണെന്നും, അതിനെ നുണയെന്ന് പറയുന്നത് തെറ്റാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് വിളിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് അന്നത്തെ മന്ത്രിമാർ തന്നെ കണക്ക് മറുപടി നൽകിയിരുന്നുവെന്നും, മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പിന്നീട് പുറത്തുവന്ന തെളിവുകൾ കൊണ്ട് പൊളിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
വീടുനിർമാണ പദ്ധതികളിൽ ഒരു ഓവർലാപ്പും ഉണ്ടായിട്ടില്ലെന്നും, കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേറെയാണെന്നും സതീശൻ വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാർ നിർമിച്ച വീടുകളും എൽഡിഎഫ് അവരുടെ കണക്കിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐ, പിഡിപി തുടങ്ങിയ പാർട്ടികളുമായി സിപിഎമ്മാണ് ധാരണ ഉണ്ടാക്കുന്നതെന്നും, യുഡിഎഫ് ഇതിനുമുമ്പ് തന്നെ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ഡിവൈഎഫ്ഐ വയനാട്ടിൽ കോൺഗ്രസ് സ്ഥലത്ത് സമരം നടത്തിയാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.




