ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലോകകപ്പിലെ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റായി വലിയ പ്രതീക്ഷയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസൺ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സഞ്ജുവില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ചെന്നൈയുടെ ചേട്ടനില്‍ നിന്നുണ്ടായത്. 251 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജുവും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കുമെന്നായിരുന്നു ആരാധകരയുടെ പ്രതീക്ഷ. റുതുരാജ് സിക്സ് അടിച്ചു തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് അനായാസ ക്യാച്ച് നല്‍കി പുറത്തായി.
ലോകകപ്പിലെ സഞ്ജുവിന്‍റെ വീറുറ്റ പോരാട്ടങ്ങള്‍ തന്നെയായിരുന്നു ആര്‍സിബി സ്കോര്‍ മറികടക്കാനാവുമെന്ന അവരുടെ പ്രതീക്ഷകള്‍ക്ക് കാരണം. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ആയുഷ് മാത്രെ മൂന്നാം നമ്പറിലെത്തിയതോടെ സഞ്ജു ഫോമിലാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് സമ്മാനിച്ച് മാത്രെയും മടങ്ങി. ആർസിബിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.




