കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ് കോൺഗ്രസിനുള്ളിൽ. പല അഭിപ്രായങ്ങളും വിമർശനങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ. ഹൈക്കമാൻഡ് തീരുമാനം എടുക്കാതെ മുഖ്യമന്ത്രി ചർച്ചകൾ നടത്തുന്നത് കോൺഗ്രസിന് വോട്ട് ചെയ്ത ആളുകളുടെ വിശ്വാസത്തിന് എതിരായിട്ട് വരും. സമയം ആകുമ്പോൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതായിരിക്കും അവസാന വാക്കെന്നും എ പി അനിൽകുമാർ പറഞ്ഞു.
ആർ ശങ്കർ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതിന് ഒരു രീതി ഉണ്ട്. ഹൈക്കമാൻഡ് ഇടപെടുന്ന രീതിയുണ്ട്. ആ രീതിക്ക് അനുസരിച്ചു തന്നെയാകും അടുത്ത മുഖ്യമന്ത്രിയെയും തിരഞ്ഞെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




