തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകൾക്കു മുകളിൽ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനം നടത്തി. വാർത്താസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ് മന്ത്രിസഭ രൂപീകരണം ഫലം വരുന്നതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അന്തിമഫലത്തിൽ കോൺഗ്രസ് 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
എസ്ഐആറിന് പിന്നാലെ 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയതെന്നും, 71 മണ്ഡലങ്ങളിൽ 2021നെക്കാൾ പോളിങ് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. വോട്ട് ശതമാനം അസാധാരണമായി ഉയർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ചാണ് പ്രചാരണം നടത്തിയതെന്നും, എൽഡിഎഫ് പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന് ഫലം ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്നും, സർക്കാർ തുടരണം എന്നതാണ് പൊതുഭാവനയെന്നും, പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവും ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടില്ലെന്നും, എസ്ഐആർ നടപടികൾ മൂലം ന്യൂനപക്ഷങ്ങളിൽ വോട്ട് ചെയ്യാനുള്ള ഉത്സാഹം വർധിച്ചെങ്കിലും അത് മുഴുവൻ യുഡിഎഫിനായി പോകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.






