വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകൾ സന്ദർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നിര്‍മിച്ച് നല്‍കുന്ന ഒരു വീട്ടില്‍ വിള്ളലുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സന്ദർശനം. ടൗണ്‍ഷിപ്പിനെതിരെ പ്രതികരണവുമായി രംഗത്ത് വന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ വിമർശനമാണ് വസീഫ് നടത്തിയത്. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും വസീഫ് ആരോപിച്ചു.
20 കോടി രൂപ ഗവണ്‍മെന്റ് നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയ ഞങ്ങള്‍ക്കെതിരെ ഈ ചൂരല്‍മലയിലെ പുനരധിവാസ ടൗണ്‍ഷിപ്പ് പ്രൊജക്ടില്‍ വന്നിരുന്ന് ഒരു നാണവും ഉളുപ്പുമില്ലാതെ ഒരുത്തന്‍ വന്ന് ടൗണ്‍ഷിപ്പിനെതിരെ പറയുകയാണെന്നും, പ്രതിപക്ഷ നേതാവ് വിഡി സതീശനായിരിക്കും അയാളെ തള്ളിവിട്ടതെന്നും വസീഫ് വിമർശിച്ചു. ടൗണ്‍ഷിപ്പില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും സന്ദർശനത്തിന് ശേഷം വസീഫ് ഉറപ്പുനൽകി.




