പത്തനംതിട്ട: ശബരിമല സന്നിധാനത്തിൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിൽ വിശദീകരവുമായി രംഗത്ത് വന്നിരിക്കുകയാണ് കോസ്റ്റ് ഗാർഡ്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശ തെറ്റി സഞ്ചരിച്ചത് കാരണമാണ് ശബരിമലയിൽ എത്തിയതെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായല്ല ഹെലിക്കോപ്ടർ ഇതുവഴി വന്നതെന്നും വിശദീകരണത്തിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നതാണ് ആശങ്കയിലാക്കിയത്. റഡാർ സംവിധാനം ഉപയോഗിക്കാതെയാണ് ഹെലിക്കോപ്ടർ സഞ്ചരിച്ചിരുന്നത്. യാത്രയ്ക്കിടെ ക്ഷേത്രം കണ്ടപ്പോൾ സൈനികർ ദൃശ്യം മൊബൈലിൽ പകർത്തിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല എ.ഡി.ജി.പി. എസ്. ശ്രീജിത്തിന് നിർദേശം നൽകിയിട്ടുണ്ട്.




