കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എംആർഎ ഹോട്ടലിൽ നിന്ന് ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ള മലിനജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കിയതായി കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര നിയമലംഘനം പുറത്തുവന്നത്.
സംഭവത്തെ തുടർന്ന് സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. 48 മണിക്കൂറിനകം സ്ഥലത്തെ മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ കർശന നിർദേശവും നൽകി.
മുന്‍പ് പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽ നിന്നുള്ള മലിനജല ചോർച്ച പരിഹരിച്ചിരുന്നെങ്കിലും, തുടർന്ന് വീണ്ടും ഡ്രൈനേജിലേക്ക് മാലിന്യം ഒഴുകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ വിശദ പരിശോധന നടത്തി. ഹോട്ടലിന്റെ പിൻവശത്തെ കോൺക്രീറ്റ് സ്ലാബ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തപ്പോൾ ശൗചിമുറി മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി സ്ഥിരീകരിച്ചു.
മതിയായ മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയാൽ മാത്രമേ ഹോട്ടലിന് വീണ്ടും പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. നഗരസഭയുടെ ഇടപെടലിൽ 6500 ലിറ്ററിലധികം മലിനജലം ഇവിടെ നിന്ന് നീക്കം ചെയ്തു. അനധികൃതമായി നിർമിച്ച മൂന്ന് ശൗചിമുറികളും പൊളിച്ചു നീക്കിയിട്ടുണ്ട്.
ഇനിയും ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.




