ഊട്ടി: രാജ്യത്ത് കൊടും ചൂട് തുടങ്ങിയതോടെ ഹിൽ സ്റ്റേഷൻ തേടിയുള്ള യാത്രയിലാണ് ജനങ്ങൾ. അതിന്റെ ഭാഗമായി ഊട്ടിയിൽ സീസൺ തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം മേയ് 1ന് നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകരാണ് എല്ലാ കൊല്ലവും എത്തുക. ആ സമയത്തുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗതനിയന്ത്രണം. മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും.
മേട്ടുപ്പാളയത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കൂനൂരിൽ നിന്ന് ഊട്ടിയിലെത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്. ഇവിടങ്ങളിൽ നിന്ന് ഉദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്ഡബെട്ട തുടങ്ങിയവ സന്ദർശിക്കാൻ സർക്യൂട്ട് ബസുകൾ സർവീസ് നടത്തും.




