ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധനയെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വിലക്കയറ്റക്കാരൻ മോദി” എന്ന് പരിഹസിച്ചാണ് കോൺഗ്രസ് പ്രതികരിച്ചത്. കേന്ദ്രസർക്കാർ തുടർച്ചയായി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വിമർശനം ഉന്നയിച്ചത്.
കോൺഗ്രസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന് 1518 രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. മെയ് 1-ന് മാത്രം 993 രൂപയുടെ വർധനയുണ്ടായതായി അവർ പറയുന്നു. ഏപ്രിൽ, മാർച്ച്, ഫെബ്രുവരി, ജനുവരി മാസങ്ങളിലായും നിരന്തരം വില ഉയർന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 3,071.50 രൂപയായി ഉയർന്നു. എന്നാൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിലെ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുമാണ് വില വർധനയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വാണിജ്യ സിലിണ്ടർ വിലയിലെ വർധന ഹോട്ടലുകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.






