കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കരുതൽ തടങ്കലിൽ. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പുന്നേക്കാട് പ്രദേശത്തെ ഒരു റിസോർട്ടിൽ നടന്ന ചടങ്ങിനിടെയാണ് നടപടി. അർജുൻ ആയങ്കിയെയും ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും, മരട് അനീഷിന്റെ കൂട്ടാളികളെന്ന് സംശയിക്കുന്നവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അർജുൻ ആയങ്കി കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതിന്റെ ഉദ്ദേശം എന്താണെന്ന് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
മുൻപ് ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കി പിന്നീട് വിവിധ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നു. തുടർന്ന് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതോടെ ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനൊപ്പം സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും ഇയാൾ തിരിഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് എത്തുന്ന സ്വർണം കയറ്റിയവരെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കൈവശപ്പെടുത്തുന്ന രീതിയിലാണ് ഇയാളുടെ സംഘം പ്രവർത്തിച്ചതെന്നും പോലീസ് പറയുന്നു.
ഗൾഫ് രാജ്യങ്ങളിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിലായി വ്യാപിച്ചിരുന്ന ഒരു നെറ്റ്‌വർക്കാണ് ഇയാളുടേതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പോലീസ് അറിയിച്ചു.




