തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മാത്യു കുഴൽനാടൻ. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നുമാണ് കുഴൽനാടന്റെ പ്രതികരണം. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിൻ്റെ നിർണായക നിയമസഭാ കക്ഷിയോഗം ഉടന്‍ തുടങ്ങും. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും സന്ദർശിക്കും. ഘടകകക്ഷി നേതാക്കളുമായും വൈകീട്ട് കൂടിക്കാഴ്ച നടത്തും. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കും. നിരീക്ഷകർ തിരികെ ദില്ലിയിൽ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.




