ന്യൂഡൽഹി: കോൺഗ്രസ് നേതൃയോഗങ്ങൾ നടക്കുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെ ഡൽഹിയിലും പ്രതിഷേധ ഫ്ലക്സ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുൻപിലായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്.
“ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. പിന്മാറണം” എന്നാണ് ഫ്ലക്സിൽ എഴുതിയിരുന്നത്. “ചോറ് കഴിക്കുന്ന ഒരു മലയാളി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് സംഭവം. വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് ഫ്ലക്സിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നിൽ ജനങ്ങളുടെ വികാരമാണെന്നാണ് കണ്ണൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്തത് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനല്ല, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ ചർച്ചയിലുണ്ടെന്ന റിപ്പോർട്ടുകൾക്കെതിരായ പ്രതിഷേധമായാണ് ഫ്ലക്സ് വെച്ചതെന്നും, വിഷയത്തിലേക്ക് മാധ്യമങ്ങളുടെ ശ്രദ്ധ നേടാനാണ് ഖർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ് സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.






