തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിൻറെ പരിഗണനയിലിരിക്കെ നേതാക്കൾക്ക് വേണ്ടിയുള്ള പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കെപിസിസി. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു. വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടയിലാണ് കെപിസിസിയുടെ മുന്നറിയിപ്പ്.
വി.ഡി സതീശന് അഭിവാദ്യമറിയിച്ചുകൊണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ അക്രമാസക്തമായ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ ഇനിയും നയിക്കട്ടെ’യെന്നുള്ള തരത്തിൽ ഫ്ലക്സുകളും ഉയർന്നിരുന്നു. തിരുവനന്തപുരം നഗരത്തിൽ വലിയ പ്രകടനമാണ് നടന്നത്. പട നയിച്ചവൻ നാട് നയിക്കട്ടെയെന്ന ബാനർ ഉയർത്തിക്കാട്ടി കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നിന്ന് കിഡ്സൺ കോർണർ വരെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് നായ്കട്ടിയിലും സതീശന് വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.






