തിരുവനന്തപുരം: കേരളത്തിലും മാഹിയിലും ഇന്നു മുതൽ 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മന്നാർ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനുമുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയും ഉത്തര കർണാടക മുതൽ തമിഴ്നാട് വഴി മന്നാർ ഉൾക്കടൽ വരെ സജീവമായ ന്യൂനമർദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം. ഇതിന്റെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ നിർദേശിച്ചു. മേയ് 10, 12, 13, 14 തീയതികളിൽ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ മേഖലകളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കടലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തീരത്തേക്ക് മടങ്ങണമെന്നും ഐഎംഡി, കെഎസ്ഇഒസി, കെഎസ്ഡിഎംഎ അധികൃതർ അറിയിച്ചു.






