തിരുവനന്തപുരം: പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലാപ്ടോപ്പുകളും ക്യാമറകളും മോഷ്ടിച്ച കേസിൽ പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ഷൈജു (30) എന്ന ഹെൽമെറ്റ് ഷൈജുവാണ് പിടിയിലായത്. കഴിഞ്ഞ മാസം 20-നായിരുന്നു സ്കൂളിലെ ഓഫീസ് കുത്തിത്തുറന്ന് അഞ്ച് ലാപ്ടോപ്പുകളും രണ്ട് ഡിജിറ്റൽ ക്യാമറകളും ഒരു വെബ്ക്യാമും മോഷ്ടിക്കപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ഇതിനിടെ മോഷ്ടിച്ച രണ്ട് ലാപ്ടോപ്പുകൾ സ്കൂൾ വളപ്പിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പിടിയിലാകുമെന്ന ഭയത്താൽ പ്രതി അവിടെ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു.
2023 മുതൽ രാത്രികാലങ്ങളിൽ വീടുകളിൽ നിന്ന് ഹെൽമറ്റുകൾ മോഷ്ടിച്ചാണ് ഷൈജു കുറ്റകൃത്യ രംഗത്തേക്ക് കടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കന്യാകുമാരിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് എസ്എച്ച്ഒ സുനുകുമാർ, എസ്ഐ വിഷ്ണു, സിപിഒമാരായ അനിൽകുമാർ, സാജൻ, അഭിലാഷ്, ഷാജൻ, ശശി നാരായണൻ എന്നിവരടങ്ങിയ സംഘം ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






