ലാഹോർ: പാകിസ്ഥാനിലെ കിഴക്കൻ നഗരമായ ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് വീണ് 14 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലാഹോറിലെ കഹ്‌ന മേഖലയിലാണ് ദാരുണ അപകടം ഉണ്ടായത്.
പഴക്കമേറിയ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മരിച്ച കുട്ടികൾക്ക് അഞ്ച് മുതൽ 16 വയസ് വരെയാണ് പ്രായം. ഇവരിൽ ഭൂരിഭാഗവും ഒൻപത് വയസ്സിൽ താഴെയുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 30 വയസ്സുള്ള അധ്യാപികയെയും നിരവധി കുട്ടികളെയും രക്ഷാപ്രവർത്തകർ പരിക്കുകളോടെ പുറത്തെടുത്തു. പരിക്കേറ്റ ചില കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അപകടത്തിന് പിന്നാലെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തി.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ആവശ്യമായ അനുമതിയോ രജിസ്ട്രേഷനോ ഇല്ലാതെയുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെയും അറ്റകുറ്റപ്പണി കരാറുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.




