ആലപ്പുഴ: ചാരുംമൂട് ജംഗ്ഷന് സമീപത്തെ കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ ‘കിച്ചു’ എന്നറിയപ്പെടുന്ന പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 12-ാം തീയതി രാത്രിയോടെ ചാരുംമൂട് ജംഗ്ഷനിലെ ഫുട്പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ചാണ് പ്രതികൾ അകത്ത് കടന്നത്. തുടർന്ന് ഏകദേശം 60,000 രൂപ വിലവരുന്ന തുണികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. ഇവർ മുമ്പും നിരവധി മോഷണക്കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
എസ്‌എച്ച്‌ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ മിഥുൻ, സുരേഷ് ബാബു, എഎസ്‌ഐ റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജു, സിവിൽ പൊലീസ് ഓഫീസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.






